Thursday, May 2, 2024
keralaNews

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയില്‍

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്.

100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാരാണ് കണ്ടെത്തിയത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.