Friday, May 17, 2024
keralaNews

കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി

ദില്ലി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി .അന്തരിച്ച സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നിലവിലെ സേന മേധാവികളില്‍ ഏറ്റവും സീനിയറാണ് ജനറല്‍ മനോജ് മുകുന്ദ് നരവനെ. 1960 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച നരവനെ പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പിതാവായ മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമ സേനയില്‍ വിങ് കമാന്‍ഡറായിരുന്നു.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) പദവി സൃഷ്ടിക്കുന്നതിന് മുമ്പ്, മൂന്ന് സര്‍വീസ് മേധാവികളില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിയോഗിക്കപ്പെട്ടിരുന്നത്.ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്സി) ചൊവ്വാഴ്ച യോഗം ചേര്‍ന്ന് ജനറല്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമുഖമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിള്‍സില്‍ സെക്കന്റ് ലെഫ്‌നന്റായി തുടക്കം. കരസേനയില്‍ ലെഫ് ജനറലായിരുന്ന അച്ഛന്‍ ലക്ഷ്മണ സിംഗിന്റെ അതേ യൂണിറ്റില്‍ നിന്നു തന്നെയായിരുന്നു റാവത്തിന്റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് ഉയര്‍ച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്‌നന്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങള്‍ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.