Thursday, May 2, 2024
keralaNews

കനത്ത മഴയും കാറ്റും ;എറണാകുളത്തും ഇടുക്കിയിലും വ്യാപകനാശനഷ്ടം

കനത്തമഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപകനാശനഷ്ടം. എറണാകുളം പറവൂര്‍ മേഖലയില്‍ കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് നാശനഷ്ടമുണ്ടായത്. പലയിടത്തും എത്തിപ്പെടാനാകാത്ത രീതിയില്‍ റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ചിലയിടങ്ങളില്‍ താഴെവീണു. കുന്നത്തുനാട് മണ്ഡലത്തില്‍ മരങ്ങള്‍ വീണ് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു പോയി.