Thursday, May 2, 2024
keralaNews

കടലാക്രമണം ; കാസര്‍കോട് ഇരുനില വീട് നിന്നനില്‍പ്പില്‍ നിലംപൊത്തി.

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയില്‍ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയില്‍ മാത്രം അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.