Tuesday, May 14, 2024
keralaNews

ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നടപടി

എറണാകുളം ജില്ലയില്‍ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നടപടികളുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കു ഉയര്‍ന്ന തുക പിഴ ഈടാക്കുന്നതിനും ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്കുമാണ് പോകുന്നത്. തുടക്കത്തില്‍ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും തുടര്‍ന്നുളള ലംഘനത്തിന് 50,000 രൂപയും പിഴ ഈടാക്കുന്നതിനാണു തീരുമാനം.

നിരോധിത പ്ലാസ്റ്റിക് ഉപയോഗം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഇതിനുള്ള അധികാരം. എറണാകുളം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തിയിരുന്നു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്. തുടര്‍പരിശോധനയില്‍ വീണ്ടും പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിമാര്‍ക്ക് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ ഒന്നുമുതല്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പരിശോധനകള്‍ ശക്തമാക്കിയിരുന്നില്ല. നിയമം നടപ്പാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് നടപടികളുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായ ഹരിതകര്‍മ സേന അംഗങ്ങളുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത തുക സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതാണെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു.