Monday, May 13, 2024
indiaNews

ഒരു തവണ കോവിഡ് ബാധിച്ചവര്‍ക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവ്.

ഒരു തവണ കോവിഡ് ബാധിച്ചവര്‍ക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനറിപോര്‍ട്. ഇന്‍ഗ്ലഡിലെ കെയര്‍ഹോം താമസക്കാരിലും ജീവനക്കാരിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഈ വര്‍ഷം ഫെബ്രുവരിക്കും ഇടയില്‍ ഉണ്ടായ കോവിഡ് അണുബാധയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളജ് ലന്‍ഡനിലെ ഗവേഷകര്‍ പഠനം നടത്തിയത്.ഒരിക്കല്‍ കോവിഡ് അണുബാധയുണ്ടായ കെയര്‍ ഹോം താമസക്കാര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്ന് പഠന റിപോര്‍ട് പറയുന്നു. ജീവനക്കാരുടെ കാര്യത്തിലാകട്ടെ ഇത് 60 ശതമാനം കുറവാണ്.പഠനത്തിന്റെ ഭാഗമായി 100 കെയര്‍ ഹോമുകളിലെ ശരാശരി 86 വയസ് പ്രായമുള്ള 682 താമസക്കാരും 1429 ജീവനക്കാരും കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലും ആന്റിബോഡി രക്തപരിശോധന നടത്തി. ഇവരില്‍ മൂന്നിലൊന്നും ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു. ഇവര്‍ക്ക് കോവിഡ് അണുബാധ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്.നേരത്തെ രോഗം വന്ന 634 പേരില്‍ 4 താമസക്കാര്‍ക്കും 10 ജീവനക്കാര്‍ക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. എന്നാല്‍ കോവിഡ് അണുബാധയുണ്ടാകാത്ത 1477 പേരില്‍ 93 താമസക്കാര്‍ക്കും 111 ജീവനക്കാര്‍ക്കും പിന്നീട് രോഗബാധയുണ്ടായി.ഈ സാഹചര്യത്തില്‍ പ്രകൃതിദത്തമായ പ്രതിരോധം കോവിഡിനെതിരെ രോഗബാധിതരില്‍ പിന്നീട് ഉണ്ടാകുന്നുണ്ട് എന്നത് ശുഭവാര്‍ത്തയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മരിയ ക്രുടികോവ് വ്യക്തമാക്കി.