Sunday, May 19, 2024
indiaNewspolitics

ഏകീകൃത സിവില്‍ കോഡ് : മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കും 

ദില്ലി: രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയില്‍ തുല്യത ഉറപ്പാക്കും എന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷത്തെ വിവരങ്ങള്‍ അറിയിച്ചില്ല എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളെ കൃത്യമായി അറിയിച്ചിരുന്നുവെന്ും കത്ത് നല്‍കിയിരുന്നുവെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുന്നതിനിടെ സംസ്ഥാനങ്ങള്‍ വഴി ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. ബിജെപി എംഎല്‍എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബില്‍ വായിക്കാന്‍ പോലും ബിജെപി സമയം നല്കിയില്ലെന്നും ആരോപിച്ച് പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു.

ലിംഗസമത്വം, സ്വത്തില്‍ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവില്‍ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബില്‍ തയാറാക്കിയത്.