Saturday, May 11, 2024
keralaNews

എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയും; സ്വപ്ന സുരേഷ്.

എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്ന വ്യക്തമാക്കി. ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്. നേരത്തെ ജയില്‍മോചിതയായ ശേഷം ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കില്‍ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയില്‍ തികച്ചു.എന്‍ഐഎ കേസിനൊപ്പം, സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നല്‍കിയിരുന്നു. 2020 ജൂണ്‍ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചതാണു കേസിനാധാരം. തുടര്‍ന്നു വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണു ഡോളര്‍ കടത്തിന് ഉള്‍പ്പെടെ കൂടുതല്‍ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍