Saturday, May 18, 2024
keralaLocal NewsNews

എരുമേലി പേട്ടതുള്ളല്‍: സംഘത്തില്‍ 50 പേര്‍ മാത്രം.

എരുമേലി :ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജനുവരി 11ന് നടക്കുന്ന പ്രധാന ആചാരാനുഷ്ഠാനമായ അമ്പലപ്പുഴ -ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലിന് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ .എന്‍ വാസു പറഞ്ഞു.എരുമേലിയില്‍ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍,പോലീസ്,ആരോഗ്യവകുപ്പ്,പഞ്ചായത്ത്, റവന്യൂ വകുപ്പ്,സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേട്ടതുള്ളല്‍ സംഘത്തിലും 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ.സംഘത്തില്‍ 60 വയസ്സിനു മുകളിലുള്ള ഒരാള്‍ പെരിയസ്വാമി മാത്രമേ പങ്കെടുക്കാനാകൂ.

ബാക്കിയുള്ളവര്‍ 60 വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം.എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കണം, സാമൂഹിക അകലം പാലിക്കണം, പേട്ടതുള്ളലിന് ഒരു ആനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാം . വര്‍ഷങ്ങളായി പേട്ടതുള്ളല്‍ സംഘങ്ങള്‍ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയിലൂടെ യാത്ര ഇത്തവണയും അനുവദിക്കും.എരുമേലിയില്‍ പത്താം തീയതി എത്തുന്ന പേട്ടതുള്ളല്‍ സംഘങ്ങള്‍ അവരുടെ ലിസ്റ്റുകള്‍ ഐഡി കാര്‍ഡുകള്‍ സഹിതം ബോര്‍ഡിനെ ഏല്‍പ്പിക്കണം.കോവിഡ് ടെസ്റ്റിനായുള്ള ആന്റിജന്‍ പരിശോധന നടത്തണം.എന്നാല്‍ 15 ന് ഇവര്‍ ശബരിമല സന്നിധാനത്ത് എത്തുന്നതിനു മുമ്പ് ആര്‍ റ്റിപിസിആര്‍ ടെസ്റ്റ് വീണ്ടും നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.സ്റ്റുകള്‍ക്ക് ആവശ്യമായ തുക സംഘാംഗങ്ങള്‍ തന്നെയാണ് മുടക്കേണ്ടത്.എരുമേലി ദേവസ്വം ബോര്‍ഡ് ഹാളില്‍ ഇന്ന് നടന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ കെ എസ് രവി, കമ്മീഷണര്‍ ഡോ.ബി .എസ് തിരുമേനി ഐ എ എസ്,
ഡെപ്യൂട്ടി കമ്മീഷണര്‍ വി കൃഷ്ണകുമാര വാര്യര്‍, അസി.കമ്മീഷണര്‍ ഒ.ജി ബിജു,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍.രാജീവ് ,അമ്പലപ്പുഴ സംഘം പ്രസിഡന്റ് ആര്‍. ഗോപകുമാര്‍,വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍,ട്രഷറര്‍ കെ. ചന്ദ്രകുമാര്‍,കമ്മറ്റി അംഗം കെ സി ഹരികുമാര്‍, ആലങ്ങാട് പേട്ട സംഘം പ്രതിനിധികളായ രാജേഷ് പുറയാറ്റ് കളരി , സന്തോഷ് നിലയിടം , ഷിനോദ് മുട്ടത്തടം,ശ്രീനി,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി.ജെ സന്തോഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുനില്‍കുമാര്‍ , എരുമേലി മെഡിക്കല്‍ ഓഫീസര്‍ ഡോ വെങ്കിടേഷ്,ബ്ലോക്ക് ഹെല്‍ത്ത് ഓഫീസര്‍ ജോയ്, പഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍,അയ്യപ്പ സേവാ സംഘം എരുമേലി യൂണിറ്റ് പ്രസിഡന്റ് അനിയന്‍ എരുമേലി , അയ്യപ്പ സേവ സമാജം പ്രതിനിധി ഹരികൃഷ്ണന്‍ പേഴും കാട്ടില്‍, എരുമേലി ജമാഅത്ത് പ്രതിനിധി തുടങ്ങിവരും പങ്കെടുത്തു.