Thursday, May 9, 2024
keralaNews

എരുമേലി പഞ്ചായത്തിന്  ജില്ലാ പഞ്ചായത്ത് ആംബുലൻസ് നൽകും ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കാര്യക്ഷമമെന്ന് പഞ്ചായത്ത് പ്രസിഡൻറ്.

എരുമേലി: കോവിഡിന്റെ  രണ്ടാം തരംഗം അതിരൂക്ഷമാകുന്ന  സാഹചര്യത്തിൽ എരുമേലി പഞ്ചായത്തിന് കോട്ടയം  ജില്ലാ പഞ്ചായത്ത് ആംബുലൻസ് അനുവദിച്ചതായി എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്ജ്കുട്ടി പറഞ്ഞു . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച്
എരുമേലി മീഡിയാ സെൻററിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് നടക്കുന്നത്.എരുമേലി ഗ്രാമ പഞ്ചായത്തിലെ 15,16,8 വാർഡുകളിൽ 144 പ്രഖ്യാപിച്ചതിനുശേഷം കോവിഡ് ബാധിതരുടെ എണ്ണം  നാമമാത്രമായി കുറഞ്ഞുവെന്നും പ്രസിഡൻറ്  പറഞ്ഞു. കോവിഡ് ബാധിച്ച് ആരും എരുമേലി ഗ്രാമപഞ്ചായത്തിൽ മരിക്കുന്ന സാഹചര്യം ഇനി ഉണ്ടാകാൻ പാടില്ല എന്നും, ജനങ്ങൾ ലോക്കഡൗൺ  ഗൗരവമായി ഇനിയെങ്കിലും എടുക്കണമെന്നും തങ്കമ്മ ജോർജ്ജ്കുട്ടി അഭ്യർത്ഥിച്ചു.
പഞ്ചായത്തിൽ  ആകെ കൊവിഡ് രോഗികളുടെ എണ്ണം 384 ആയി കുറയുകയും, എരുമേലി സി.എഫ്.എൽ.റ്റി.സിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവരുടെ എണ്ണം 74 ആയി  കുറഞ്ഞു . എല്ലാ വാർഡുകളിലും പ്രത്യേകിച്ച് 18  വാർഡുകളിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ  വേണ്ട വാഹനസൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സേവനത്തിനായി വിവിധ യുവജന സംഘടനകൾ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇവരുടെ സേവനം അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു. പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുകയും , നിർന്ധനരായവർക്ക് ഭക്ഷണം റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ വീട്ടിൽ എത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.നിരവധി ആളുകൾ അരിയും,പലവ്യഞ്ജനങ്ങളും,പച്ചക്കറിയിൽ സാമൂഹിക അടുക്കളയ്ക്ക് നൽകുന്നുണ്ട്.പൊതിച്ചോറിന്റെ  എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്,ആർ.ആർ. ടി അംഗങ്ങൾ ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള കോവിഡ് രോഗികൾക്കും ആവശ്യക്കാർക്കും എത്തിച്ചു വരുന്നു.ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ് എന്നും പ്രസിഡൻറ് പറഞ്ഞു.പഞ്ചായത്തംഗം വി.ഐ അജിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.