Saturday, May 18, 2024
keralaNewspolitics

എരുമേലി ചേനപ്പാടിയില്‍ കോണ്‍ഗ്രസിന് മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബല്‍ സ്ഥാനാര്‍ത്ഥി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചേനപ്പാടി ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബല്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക നല്‍കി.ചേനപ്പാടി ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവായ റെജി അമ്പാറയെ ആയിരുന്നു.നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ണായകമായ ചര്‍ച്ചയിലൂടെ ജനകീയ അഭിപ്രായം സ്വരൂപിച്ചാണ് റെജി അമ്പാറയെ ഐകകണ്‌ഠേന കോണ്‍ഗ്രസ് ചേനപ്പാടി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.

എന്നാല്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ആശാ ജോയിയാണ് ഇതേ ഡിവിഷനില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് .എരുമേലി പഞ്ചായത്തിലെ എരുമേലി ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി ആശാ ജോയിയെ പരിഗണിച്ചിരുന്നു.എന്നാല്‍ ഈ സീറ്റ് യുഡിഎഫ് മുസ്ലിം ലീഗിന് നല്‍കിയതോടെയാണ് ആശ ജോയിക്ക് സീറ്റ് നഷ്ടമായത്.ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍പ് മത്സരിച്ച് വിജയിച്ച ചേനപ്പാടി ഡിവിഷനില്‍ ആശജോയ് പത്രിക നല്‍കിയത്.മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് നേതാവ് പ്രകാശ് പുളിക്കന്‍ രംഗത്തെത്തിയതോടെ മുസ്ലിം ലീഗ് പിന്മാറുകയും പകരമായി എരുമേലി ബ്ലോക്ക് ഡിവിഷന്‍ ലീഗിന് നല്‍കുകയായിരുന്നു.ഇതാണ് ആശാജോയിക്ക് സീറ്റ് നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്.ഏറെ വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ശേഷം കോണ്‍ഗ്രസ് പരിഗണിക്കുന്ന റെജി അമ്പാറക്ക് സീറ്റ് നിഷേധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നുവെങ്കിലും ജനകീയനായ അമ്പാറയുടെ പിന്തുണ മനസ്സിലാക്കിയ നേതൃത്വം അമ്പാറക്ക് സീറ്റ് നല്‍കുകയായിരുന്നു.എന്നാല്‍ പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ട് ആശജോയ് നല്‍കിയ പത്രിക പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.