Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ ഭൂമിക്കടിയില്‍ സീവേജ് പ്ലാന്റ് ; ദേവസ്വം പ്രസിഡന്റ്

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ, പ്രധാന പ്രതിസന്ധികളില്‍ ഒന്നായ കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ഭൂമിക്കടിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പി എസ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയതിന് ശേഷം തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ആദ്യമായി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രണ്ട് സീവേജ് പ്ലാന്റുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകള്‍ക്കും പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസ് നല്‍കാന്‍ നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനങ്ങള്‍, ശൗചാലയങ്ങള്‍, ഫയര്‍ ഫോഴ്‌സ് കേന്ദ്രം, അന്നധാന കേന്ദ്രം, പേട്ട ക്ഷേത്രം , വലിയ തോട്ടിലെ ഷട്ടര്‍ സംവിധാനം അടക്കം എരുമേലിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത തീര്‍ത്ഥാടനത്തിന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി. ദിലീപ് കുമാര്‍ , എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എം വി എന്നിവര്‍ എരുമേലിയിലെ കാര്യങ്ങള്‍ വിശദീകരിച്ചു.