Wednesday, May 15, 2024
Local NewsNews

എരുമേലിയിലെ നദികളിൽ മണൽവാരലിന് നടപടി സ്വീകരിക്കും

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തിലെ നദികളിൽ നിന്നും മണൽ വാരുന്നതിന് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ . വി. വേണു  അറിയിച്ചതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു . ഇത് സംബന്ധിച്ച് ഇന്നലെ നൽകിയ നിവേദനത്തെ തുടർന്നാണ് ചീഫ് സെക്രട്ടറി ഉറപ്പ് നൽകിയത്. എരുമേലി ഗ്രാമപഞ്ചായത്തിൽ പമ്പ, അഴുത, മണിമല എന്നീ മൂന്നോളം നദികളിലാണ് വർഷങ്ങളായി മണൽ വാരാതെ കുഴികൾ നികന്ന് കിടക്കുന്നത് .          കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് നദികളിൽ മണൽ എത്തിയതെന്നും ഇതാണ് നദികളിലെ കുഴികൾ നികന്നു വരാൻ കാരണമായതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത് വീണ്ടും പ്രദേശത്ത് വലിയ വെള്ളപ്പൊക്കത്തിനും സാധ്യത ഉള്ളതായി പഞ്ചായത്ത് ചൂണ്ടിക്കാട്ടി. പഞ്ചായത്തല വിവിധ കടവുകളിൽ നിന്നും മണൽവാരലിന് അനുമതി ലഭിച്ചാൽ ഗ്രാമപഞ്ചായത്തിന്റെ വരുമാനത്തിന് വലിയ നേട്ടം ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു . മലയോര മേഖലയിൽ അടക്കം നദികളുടെ തീരത്ത് താമസിക്കുന്നവരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇത്.                                                   കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പമ്പയിൽ അടക്കം നദികളിൽ വെള്ളം ക്രമാതീതമായി ഉയർന്ന് വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. നദികളിൽ നിയന്ത്രിതമായി മണൽ വാരുന്നതോടെ വെള്ളപ്പൊക്കം അടക്കമുള്ള വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടവും പ്രസിഡൻറ് ഒപ്പം ഉണ്ടായിരുന്നു.