Thursday, May 16, 2024
keralaNews

അധ്യാപികയില്‍ നിന്നും കൈക്കൂലി: ഹെഡ്മാസ്റ്റര്‍ക്കും എഇഒയ്ക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്‌പെന്‍ഡ് ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കോട്ടയം ചാലുകുന്ന് സിഎന്‍ഐഎല്‍പിഎസ് ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം.കെ.മോഹന്‍ദാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിനു മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എഇഒ. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകള്‍ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നത് ഓര്‍ക്കുന്നത് നന്നാവുമെന്നും മന്ത്രി പറഞ്ഞു.