Thursday, May 16, 2024
keralaNews

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് രാഷ്ട്രീയം വിലക്കി

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നു ഹൈക്കോടതി. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും വിലക്കി. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു മത്സരിക്കാന്‍ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവിനു മുന്‍കാല പ്രാബല്യം ഇല്ലെന്നും ഇനി മുതലാണു ബാധകമെന്നും കോടതി വ്യക്തമാക്കി. സ്‌കൂളിലെ അധ്യയനത്തെ ബാധിക്കുന്നതിനാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജിബു പി. തോമസ് അടക്കമുള്ളവരുടെ ഹര്‍ജികള്‍ പരിഗണിച്ചാണു കോടതി നടപടി. കുട്ടികളെ പഠിപ്പിക്കുകയെന്ന പ്രധാന കര്‍ത്തവ്യം മാറ്റിവച്ചാണു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന ഹര്‍ജികളിലെ വാദം കോടതി പരിഗണിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കു രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തപ്പോള്‍ എയ്ഡഡ് അധ്യാപകരുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ന്യായമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.