Friday, May 17, 2024
educationkeralaNews

ഉദ്യോഗസ്ഥര്‍ നീതി നിഷേധിക്കുന്നുവെന്ന് യുവാവിന്റെ പരാതി

എസ്എസ്എല്‍സി ബുക്കിലെ തെറ്റ് തിരുത്താനായി പതിനൊന്ന് വര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് കോഴിക്കോട് കോട്ടൂളി സ്വദേശിയായ ലിഥിന്‍. ശാരീരിക വെല്ലുവിളി നേരിടുന്ന ലിഥിന്‍ പരീക്ഷാ ഭവനിലടക്കം നിരവധി തവണ കയറിയിറങ്ങിയിട്ടും കാര്യമുണ്ടായിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നീതി നിഷേധിക്കുന്നുവെന്നാണ് ലിഥിന്റെ പരാതി.

എസ്എസ്എല്‍സി ബുക്കിലെ തെറ്റ് തിരുത്താനായി തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രകളുടെ കഥകള്‍ പറയാനുളളവര്‍ ഏറെയുണ്ടെങ്കിലും ഇതിനൊന്നും ഒരു പക്ഷേ ലിഥിനെന്ന 30 കാരന്റെ അനുഭവത്തോളം തീവ്രത കണ്ടേക്കില്ല. ഒന്നും രണ്ടുമല്ല വര്‍ഷം പതിന്ന് കഴിഞ്ഞു തന്റെ പേരും ജാതിയും ശരിയായി രേഖപ്പെടുത്തിയ എസ്എസ്എല്‍സി ബുക്കിനായുളള ഈ അലച്ചില്‍. ശരിയായ പേര് ലിഥിന്‍ എകെ. എന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയത് കൃപേഷ് എകെ എന്ന്. ഹിന്ദു ആശാരി വിഭാഗത്തില്‍പെടുന്ന ലിഥിന്റെ ജാതി രേഖപ്പെടുത്തിയതാകട്ടെ അന്‍സാരിയെന്നും.ഇത്തരത്തില്‍ അബന്ധപഞ്ചാംഗമായ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റൊന്ന് തിരുത്തികിട്ടാന്‍ കോഴിക്കോട് തൊട്ട് തിരുവനന്തപുരം വരെയുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ ലിഥിന്‍ പലവട്ടം കയറിയിറങ്ങി. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍വച്ച് വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ സ്വാധീനശേഷി നഷ്ടപ്പെട്ട ലിഥിന്‍ രണ്ടുവര്‍ഷത്തോളം കിടപ്പായിരുന്നു. 2010ല്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതിയപ്പോഴാണ് ഈ സര്‍ട്ടിഫിക്കററ് ലഭിച്ചത്. തെറ്റുകള്‍ കാരണം തുടര്‍ പഠനത്തിന് അപേക്ഷിക്കാനായില്ല. ഇപ്പോള്‍ നഗരത്തില്‍ ചെറിയ കട നടത്തിയാണ് ജീവിക്കുന്നത്.ലിഥിന് ശാരീരിക പരിമിതയുളളതിനാല്‍ തന്നെ നിരവധി വട്ടം അച്ഛന്‍ ഉദയനും പരീക്ഷാ ഭവനിലെത്തി. എന്നാല്‍ തെറ്റ് തിരുത്താനായി ഒന്നാം ക്ലാസില്‍ ചേര്‍ത്തിയപ്പോഴുള്ള രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നാലാം ക്ലാസ് മുതല്‍ പഠിച്ച സ്‌കൂളുകളിലെ രേഖയും , ജനന സര്‍ട്ടിഫിക്കറ്റും എല്ലാം നല്‍കിയെങ്കിലും ഇതൊന്നും പോരെന്നാണ് പരീക്ഷാ ഭവന്റെ മറുപടി. നീതി തേടി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ലിഥിന്‍.