Sunday, May 19, 2024
keralaNews

ഇ-ബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

വിവാദ വ്‌ലോഗര്‍ സഹോദരങ്ങളായ ഇ-ബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നടപടി. ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

ഇബുള്‍ ജെറ്റിനെതിരായ കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എം.വി.ഡി നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.