Tuesday, May 14, 2024
keralaNews

ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി സംവിധായകന്‍ അലി അക്ബര്‍

കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിതിന് പിന്നാലെ പേര് മാറ്റി സംവിധായകന്‍ അലി അക്ബര്‍. ‘രാമസിംഹന്‍’ എന്നാണ് സംവിധായകന്റെ പുതിയ പേര്. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

‘എന്റെ പേര് നാളെ മുതല്‍ രാമ സിംഹന്‍ എന്നാക്കുകയാണ്. സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്’, എന്ന് അലി അക്ബര്‍ പറഞ്ഞു. സൈന്യത്തിന്റെ ഉയര്‍ന്ന വ്യക്തി മരിച്ചപ്പോള്‍ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നില്‍ക്കാന്‍ ഇനിയാവില്ലെന്നും, ജനിച്ചപ്പോള്‍ കിട്ടിയ ഇസ്ലാം മതം എന്ന കുപ്പായം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇനി മുതല്‍ താനും കുടുംബവും ഭാരതീയനായിരിക്കും. ഇതിന്റെ പേരില്‍ തന്റെ തലയ്ക്ക് വിലയിട്ടേക്കാം. എന്ത് പ്രശ്നത്തേയും നേരിടാന്‍ തയ്യാറാണെന്നും, ഇത് ഉറച്ച തീരുമാനമാണെന്നും അലി അക്ബര്‍ പറയുന്നു.