Monday, May 13, 2024
BusinesskeralaNews

ഇലക്ട്രിക് ഓട്ടോകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോകള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തടയുന്നതായി പരാതി. സര്‍വീസ് നടത്തവേ യാത്രക്കാരെ ബലമായി വഴിയിലിറക്കിവിട്ടവര്‍ക്കെതിരെ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അതേസമയം നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോ സര്‍വീസ് നടത്തുന്നവരെ തടയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം നാല് പരാതികളാണ് ഇ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിന് നല്‍കിയത്. ഇതില്‍ രണ്ട് പരാതികളില്‍ കേസെടുത്തു. നിലവില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് സംസ്ഥാനത്തെവിടെയും പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതിയിളവ് സംസ്ഥാന സര്‍ക്കാറും നല്‍കിയിട്ടുണ്ട്. അതേസമയം, നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്ക് കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് സിഐടിയു. എന്നാല്‍, സര്‍വീസ് നടത്തുന്ന ആരെയും തടയണമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്റെ സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു.