Sunday, May 12, 2024
keralaNews

ഇന്ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല വനിതാ ഓഫീസര്‍മാര്‍ക്ക്.

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല വനിതാ ഓഫീസര്‍മാര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ കമാന്റോകള്‍ വനിതകളായിരിക്കും. രാജ്ഭവന്റെ സുരക്ഷയും ഇന്ന് വനിതകളുടെ കൈകളിലായിരിക്കും. ഏറ്റവും മികവ് തെളിയിക്കുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതും അന്വേഷണം നടത്തുന്നതും വനിതകളായിരിക്കും. വനിതാ ഇന്‍സ്പെക്ടര്‍മാരുള്ള സ്റ്റേഷനുകളില്‍ ചുതമല അവര്‍ ഏറ്റെടുക്കും. അല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥയ്ക്കാകും സ്റ്റേഷന്‍ ചുമതല. കൂടുതല്‍ വനിതാ ഇന്‍സ്പെക്ടര്‍മാരുണ്ടെങ്കില്‍ സമീപ സ്റ്റേഷനുകളുടെ ചുമതല കൂടി കൈമാറും. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഒരു ദിവസം പൂര്‍ണമായും പോലീസ് സ്റ്റേഷനുകള്‍ വനിതകളുടെ നിയന്ത്രണത്തിലാകുന്നത്.വനിതാ ഓഫീസര്‍മാര്‍ തീരെ ഇല്ലാത്ത ഇടങ്ങളില്‍ മാത്രം പതിവ് ചുമതലകള്‍ ഇന്നും തുടരും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ ഓഫീസര്‍ വനിതയായിരിക്കും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. കഴിവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം നല്‍കും. കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, പട്രോളിങ് തുടങ്ങിയ കാര്യങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം നല്‍കുക.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇന്ന് വനിതകള്‍ ഏറ്റെടുക്കുന്നുണ്ട്. ദില്ലിയിലെ കര്‍ഷക സമരം ഇന്ന് പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാകുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. 40000 വനിതകളാണ് ഇന്ന് ദില്ലി അതിര്‍ത്തിയിലെ മൂന്ന് സമര ഭൂമികളില്‍ എത്തുക. സമരവേദിയില്‍ പ്രസംഗിക്കുന്നതും ഇന്ന് വനിതകള്‍ ആയിരിക്കും.