Friday, May 17, 2024
HealthkeralaNews

ഇന്ന് രാത്രി നഗരം അടച്ചുകെട്ടും; എത്തുന്നത് 2000 പൊലീസുകാര്‍

കാണികളില്ലാത്ത പൂരത്തിനു സുരക്ഷയൊരുക്കാന്‍ 2000 പൊലീസുകാര്‍ ഇന്നു നഗരത്തില്‍. പൊതുജനം നഗരഹൃദയത്തിലേക്കു പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം പാസ് പരിശോധിക്കുന്ന ദൗത്യവും പൊലീസ് നിര്‍വഹിക്കും. നഗരത്തിലേക്കുള്ള 8 പ്രധാന പാതകളൊഴികെ ഇടവഴികളും ചെറു റോഡുകളും ഇന്നു രാത്രിയോടെ അടച്ചുകെട്ടും. പൊലീസ് കാവലും ഏര്‍പ്പെടുത്തും. നാളെ രാവിലെ 6നു ഗതാഗത നിരോധനം തുടങ്ങും. മറ്റന്നാള്‍ പകല്‍പ്പൂരം കഴിയുന്നതു വരെ പാസില്ലാത്തവര്‍ക്കു നഗരത്തിലേക്കു പ്രവേശനമില്ല.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കും ഘടക പൂരങ്ങള്‍ക്കും പൂരം ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പാസുകള്‍ പൊലീസ് വിതരണം ചെയ്തിട്ടുള്ളത്. ഇവരൊഴികെ ആര്‍ക്കും പൂരപ്പറമ്പിലേക്കു പ്രവേശനമില്ല. പാസുകള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ്, ബിനി ജംക്ഷന്‍, പാലസ് റോഡ്, കോളജ് റോഡ്, ഹൈറോഡ്, എംഒ റോഡ്, കുറുപ്പം റോഡ് എന്നിവിടങ്ങളില്‍ പൊലീസ് കൗണ്ടറുകളുണ്ടാകും. സ്വരാജ് റൗണ്ടിലേക്കു നീളുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകളും ഇടവഴികളും അടച്ചുകെട്ടാനുള്ള ബാരിക്കേഡുകള്‍ അതതു റോഡുകള്‍ക്കു സമീപം എത്തിച്ചിട്ടുണ്ട്.

ഇന്നു രാത്രിയോടെ ബാരിക്കേഡുകള്‍ പൂര്‍ണമായി സജ്ജമാകും. എംജി റോഡ്, ശങ്കരയ്യ ജംക്ഷന്‍ റോഡ്, പൂങ്കുന്നം ജംക്ഷന്‍, പാട്ടുരായ്ക്കല്‍, അശ്വിനി ജംക്ഷന്‍, ചെമ്പൂക്കാവ്, ആമ്പക്കാടന്‍മൂല, പൗരസമിതി ജംക്ഷന്‍, മനോരമ സര്‍ക്കിള്‍, മാതൃഭൂമി സര്‍ക്കിള്‍, വെളിയന്നൂര്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ദിവാന്‍ജിമൂല, പൂത്തോള്‍ എന്നിവിടങ്ങളിലെല്ലാം ബാരിക്കേഡ് വരും. പൂരദിവസം റൗണ്ടിലേക്കു ഗതാഗതം അനുവദിക്കില്ല. എല്ലാ വാഹനങ്ങളും റൗണ്ടിനു പുറത്തേക്കു തിരിച്ചുവിടും. ഇന്ന് ഉച്ചയോടെ തന്നെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തും പാര്‍ക്കിങ് നിരോധിക്കും.