Thursday, May 16, 2024
keralaNewsSports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് ബിസിസിഐ. ടി20 ലോകകപ്പിനു ശേഷം ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചേക്കും. അതേസമയം, രാഹുല്‍ ദ്രാവിഡിനെ പുതിയ പരിശീലകനായി പരിഗണിക്കുമെന്നും അഭ്യൂഹവും ശക്തമാണ്.രവി ശാസ്ത്രിയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെ ഇനി പുതുക്കുന്നില്ലെന്ന് അദ്ദേഹം ബോര്‍ഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യപരിശീലകന്റെ പ്രായപരിധി 60 ആയതിനാല്‍ 59കാരനായ ശാസ്ത്രിക്ക് ഇനിയും അവസരം നല്‍കിയേക്കില്ല.
ഇന്ത്യ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയില്‍ തിളങ്ങിയ ദ്രാവിഡാണ് പരിശീലക സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ താരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവും ദ്രാവിഡിന് മുന്‍തൂക്കം നല്‍കുന്നു. മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡി, മഹേല ജയവര്‍ധന, വിവിഎസ് ലക്ഷ്മന്‍ തുടങ്ങിയ പേരുകളും ചര്‍ച്ചകളിലുണ്ട്.