Tuesday, May 14, 2024
keralaNews

ആറ്റിങ്ങലില്‍ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത.

ആറ്റിങ്ങലില്‍ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കല്‍ സ്വദേശി ജയചന്ദ്രനും മകള്‍ക്കുമാണ് പിങ്ക് പോലീസില്‍ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.ഇന്നലെയായിരുന്നു സംഭവം. ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ ആറ്റിങ്ങലിലേക്ക് പോയതായിരുന്നു ഇരുവരും. തിരിച്ചുവരുന്നതിനിടെയാണ് പോലീസ് മോഷണക്കുറ്റം ആരോപിച്ച് അധിക്ഷേപിച്ചത്. ഇരുവരെയും പിന്തുടര്‍ന്നെത്തിയ പോലീസ് ജയചന്ദ്രനെയും മകളെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയായിരുന്നു.ജയചന്ദ്രന്‍ വാഹനത്തില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്നത് കണ്ടെന്ന് ആരോപിച്ചായിരുന്നു റോഡില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരസ്യവിചാരണ. എന്നാല്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അധിക്ഷേപം തുടരുകയായിരുന്നു. ദേഹപരിശോധനയുള്‍പ്പെടെ നടത്തണമെന്നും പോലീസുകാര്‍ പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.പോലീസ് വാഹനം പരിശോധിക്കാന്‍ നാട്ടുകാര്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോണും കണ്ടെത്തി.സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ ജയചന്ദ്രന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാലവകാശ കമ്മീഷന്‍ അറിയിച്ചു.