Saturday, May 18, 2024
indiaNews

ആര്യന്‍ ഖാന് ബര്‍ഗറുമായി എത്തിയ അമ്മ ഗൗരിഖാനെ തിരിച്ചയച്ചു

ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരൂഖ്ഖാന്റെ മകന് ആര്യന്‍ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരിഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഏതാനും പായ്ക്കറ്റ് ബര്‍ഗറുകളുമായാണ് ഗൗരി ഖാന്‍ എന്‍.സി.ബി ഓഫിസിലെത്തിയത്.എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആര്യന് പുറത്തുനിന്നുള്ള ഭക്ഷണം നല്‍കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ വഴിയോരത്തുള്ള തട്ടുകടയില്‍ നിന്നും അടുത്തുള്ള നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍ നിന്നുമാണ് ആര്യനും സുഹൃത്തുക്കള്‍ക്കും ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, ദാല്‍ പറാത്ത തുടങ്ങിയവയ്ക്ക് പുറമേ അടുത്തുള്ള ഹോട്ടലില്‍ നിന്നുള്ള ബിരിയാണി, പുലാവ് തുടങ്ങിയവയും നല്‍കി.ആര്യന്‍ഖാന്‍ ചോദിച്ചത് പ്രകാരം എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയതായും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെയും ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി സംഘം ചോദ്യംചെയ്തു. വിശദമായ പരിശോധനയ്ക്കായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.കേസില്‍ ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.