Friday, May 17, 2024
indiaNews

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

മുംബൈ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ പ്രതികളെല്ലാം ഇപ്പോഴും എന്‍സിബി ഓഫീസില്‍ തുടരുകയാണ്.ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതികളെ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും.
കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാന്റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.കേസിലെ പുതിയ അറസ്റ്റുകള്‍ അന്വേഷണത്തിലെ വഴിത്തിരിവാണെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ അഞ്ചിത് കുമാര്‍ ആര്യന്‍ ഖാന് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്നാല്‍ എന്‍സിബിയുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.അതിനിടെ ആര്യന്‍ഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നില്‍ ബിജെപിയാണെന്നും മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകള്‍ സഹിതം ആരോപിച്ചിരുന്നു.