Thursday, May 16, 2024
keralaNews

ആര്‍ക്കു മുന്നിലും തുറന്നിട്ട വാതിലായിരുന്നു ശങ്കരനാരായണന്‍

പാലക്കാട് :2001ല്‍ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പില്‍നിന്നു ശങ്കരനാരായണന്‍ മാറിനിന്നത്.

അത്തരത്തില്‍ മാറിനില്‍ക്കാന്‍ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ സ്‌നേഹപൂര്‍വമായ വാശിയാണു ശങ്കരനാരായണനെ ഗവര്‍ണര്‍ സ്ഥാനത്തെത്തിച്ചത്. പ്രായം കൊണ്ടു മൂത്തയാളാണെങ്കിലും ശങ്കരനാരായണന് ആന്റണിയോടെന്നും ആദരവു കലര്‍ന്ന ബഹുമാനമായിരുന്നു. പ്രഥമ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട്ട് നടക്കുമ്പോള്‍ ഡിസിസി ഓഫിസിലെ ബെഞ്ചിലും തറയിലും കിടന്നുറങ്ങിയ ബന്ധം എല്ലാക്കാലവും ദൃഢമായിരുന്നു. എ.കെ. ആന്റണിയും വയലാര്‍ രവിയും തമ്മില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരമുണ്ടായപ്പോള്‍ വയലാര്‍ രവിയെ പിന്തുണച്ച കെ. കരുണാകരനോടു ശങ്കരനാരായണന്‍ പറഞ്ഞു ‘ഞാന്‍ ആന്റണിക്കെ വോട്ട് ചെയ്യൂ’. ഗവര്‍ണര്‍ പദവി രാജിവച്ചു തിരികെ എത്തിയപ്പോഴും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കൊന്നും അദ്ദേഹം ശ്രമിച്ചില്ല.

അര്‍ഹിച്ചതില്‍ കൂടുതല്‍ പാര്‍ട്ടി നല്‍കിക്കഴിഞ്ഞു, ഇനി ഒന്നും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നിട്ടും കേരളത്തിലുടനീളം രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിനു തടസ്സമായില്ല. ആര്‍ക്കു മുന്നിലും തുറന്നിട്ട വാതിലായിരുന്നു ശങ്കരനാരായണന്‍. ശേഖരിപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആര്‍ക്കും കടന്നുവരാം. ഏതു വിഷയവും സംസാരിക്കാം.

പക്ഷേ, സ്വന്തം ബോധ്യത്തിലും നിലപാടിലും ഉറച്ചുനിന്നുള്ള മറുപടിയാകും ലഭിക്കുക. ഏതു രാഷ്ട്രീയത്തിലുള്ളവരോടും സൗമ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പുതിയ തലമുറയിലെ കെഎസ്യു പ്രവര്‍ത്തകര്‍ക്കു വരെ ഏതു പ്രശ്‌നങ്ങള്‍ക്കും സമീപിക്കാവുന്നത്ര ഊഷ്മളമായിരുന്നു അദ്ദേഹം മറ്റുള്ളവരോടു കാണിച്ചിരുന്ന പരിഗണന.