Sunday, May 19, 2024
keralaNews

ആരോപണങ്ങളോട് അനുകൂല മറുപടി പറയാന്‍ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് അതുപോലെ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ഥ വിജയനാണ് ഇന്നലെ പുറത്തുവന്നത്. ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയും ശൈലിയുമാണ് പുറത്തുവന്നതെന്നും സുധാകരന്‍ മറുപടി പറഞ്ഞു.

ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല.റിപ്പോര്‍ട്ടറുടെ ആ ചോദ്യത്തിന് മറുപടി  പറയുന്നില്ല പറഞ്ഞു. എന്നാല്‍ പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പുകിട്ടിയതുകൊണ്ട് മാത്രമാണ് താന്‍ പിണറായിയെ അടിച്ച കാര്യം പറഞ്ഞത്. ഓഫ് ദ റെക്കോഡ് എന്ന് അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നു. സംസ്‌കാര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തനിക്ക് ഫിനാന്‍ഷ്യര്‍ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് പരാതിപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ ചോദിച്ചു.

വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വര്‍ഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്പോള്‍ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു. മണല്‍ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയ്യില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ.

നട്ടെല്ലുണ്ടെങ്കില്‍ പിണറായി വിജയന്‍ എനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രി. അതാണ് കേരളം ആഗ്രഹിക്കുന്നത്. ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന ആരോപണം തെറ്റ്. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം.

മമ്പറം ദിവാകരന്‍ അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്‍ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു. മമ്പറം ദിവാകരനും എകെ ബാലനും ബ്രണ്ണന്‍ കോളേജില്‍ വന്നത് 1971 ലാണ്. ഈ സംഭവം നടക്കുമ്പോള്‍ അവര്‍ കോളേജില്‍ ഇല്ല. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.