Wednesday, May 15, 2024
indiaNewsworld

ആക്രമണങ്ങളെ ചെറുക്കാന്‍ രണ്ട് എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ യുഎസ് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി

കടല്‍വഴിയുള്ള ആക്രമങ്ങളെ ചെറുക്കാനും മുങ്ങിക്കപ്പലുകളെ തകര്‍ക്കുന്ന യുദ്ധതന്ത്രദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രണ്ട് എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ യുഎസ് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും വാര്‍ത്താവിനിമയ റിലേ ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ ദൗത്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാം. പ്രാദേശിക ഭീഷണികളെ ചെറുക്കാനും പ്രതിരോധദൗത്യം മെച്ചപ്പെടുത്താനും എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ക്ക് കഴിയും. കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ചെറുക്കാനും സഹായകരമാണ്. യുദ്ധക്കപ്പലുകളില്‍ നിന്നും വിമാനവാഹിനികളില്‍ നിന്നും ഇതിനെ ഉപയോഗിക്കാം.ആകെ 24 എണ്ണമാണ് ഇന്ത്യയുടെ നാവികസേനയ്ക്ക് നല്‍കേണ്ടത്. ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് എല്ലാ കാലാവസ്ഥകള്‍ക്കും അനുയോജ്യവും പലതരം ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതുമായ ഈ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിച്ചത്.                                                                                                       2.4 ബില്ല്യണ്‍ യുഎസ് ഡോളറാണ് ചെലവ്. ആധുനിക എവിയോണിക്സ് സംവിധാനങ്ങളും സെന്‍സറുകളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്.വെള്ളിയാഴ്ച സാന്‍ ഡീഗോയില്‍ നേവല്‍ എയര്‍സ്റ്റേഷനില്‍ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗികമായി വിമാനങ്ങള്‍ കൈമാറിയത്. യുഎസിലെ ഇന്ത്യന്‍ അംബാസഡറായ തരണ്‍ജിത് സിംഗ് സന്ധുവാണ് വിമാനങ്ങള്‍ ഏറ്റുവാങ്ങിയതെന്ന് നാവികസേന വക്താവ് അറിയിച്ചു. ഇന്ത്യയ്ക്ക് മാത്രമായ ചില ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിച്ച് ആധുനികവല്‍ക്കരിച്ചതാണ് ഈ വിമാനം.ഈ വിമാനം പറത്താന്‍ പ്രത്യേകമായുള്ള ഇന്ത്യയുടെ നാവികസേനാംഗങ്ങള്‍ പരിശീലനത്തിലാണ്.