Tuesday, May 14, 2024
EntertainmentindiaNewsUncategorized

അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ കള്ളപ്പണം; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെതിരെ കേസ്

മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണത്തിന് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

അന്താരാഷ്ട്ര തലത്തില്‍ അശ്ലീല ചിത്രങ്ങളുടെ റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചതിന് രാജ് കുന്ദ്രയെ 2021 ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളും ഇഡി അന്വേഷിക്കും.2019 ല്‍ രാജ് കുന്ദ്ര ആര്‍മ്സ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. ഹോട്ട്ഷോട്ട്സ് എന്ന ആപ്പും ലോഞ്ച് ചെയ്തു. പിന്നീട് ഈ ആപ്പ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്റിന്‍ കമ്പനിക്ക് വിറ്റു എന്നാണ് വിവരം.

ഈ കമ്പനിയുടെ സിഇഒ രാജ് കുന്ദ്രയുടെ ഭാര്യാ സഹോദരനായിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് 13 ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് കൈമാറിയത് എന്നാണ് കണ്ടെത്തല്‍.പോണ്‍ സ്റ്റാറുകളെ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ക്കുള്ള ആപ്പായ ഹോട്ട്ഷോട്ട്സിലൂടെ വില്‍ക്കുകയാണ് കുന്ദ്ര ചെയ്തിരുന്നത്. ആപ്പ് സബ്സ്‌ക്രൈബ് ചെയ്യുന്നവരില്‍ നിന്നുള്ള പണം നേരിട്ട് കുന്ദ്രയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ടാണ് 2021, ജൂലൈ 19 ന് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചു, അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്ന കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 20 ന് മുംബൈ കോടതി കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചു.