Thursday, May 2, 2024
keralaNews

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവന്യൂനമര്‍ദമായി മാറി.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവന്യൂനമര്‍ദമായി മാറി. മെയ് 16 മെയ് രാവിലെ 8.30 ന് ലക്ഷദ്വീപിനടുത്ത് 10.5 ഡിഗ്രി അക്ഷാംശത്തിലും 72.3 ഡിഗ്രി രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കിലോ മീറ്റര്‍ തെക്ക്തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറില്‍ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കിലോ മീറ്റര്‍ മുതല്‍ 88 കിലോ മീറ്റര്‍ വരെ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും 18 ഓടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല.

എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ 16 വരെ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.