Tuesday, May 14, 2024
indiaNewsworld

അഫ്ഗാനിസ്ഥാനില്‍ നിന്നും അടിയന്തര ഒഴിപ്പിക്കലിന് സജ്ജമായി ഇന്ത്യ ;എയര്‍ഇന്ത്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ഒരുങ്ങി.

അഫ്ഗാനിസ്ഥാനില്‍ നിന്നും അടിയന്തര ഒഴിപ്പിക്കലിന് സജ്ജമായി ഇന്ത്യ. പൗരന്‍മാരും ഉദ്യോഗസ്ഥരുമടക്കമുള്ള സംഘത്തെ തിരിച്ചെത്തിക്കാന്‍ എയര്‍ഇന്ത്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ഒരുങ്ങി. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി എംബസി പ്രസ് സെക്രട്ടറി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതല യോഗവും ചേര്‍ന്നു. താലിബാന്‍ അധികാരം പൂര്‍ണമായും പിടിച്ചതോടെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തരസാഹചര്യം വന്നാല്‍ കബൂളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക യാത്രാവിമാനം സജ്ജമാക്കി. 2 എയര്‍ഇന്ത്യ വിമാനങ്ങളും അടിയന്തര യാത്രക്ക് തയ്യാറായി.കാബൂള്‍ ഹാമിദ് കര്‍സായി വിമാനത്താവത്തിലെ തിരക്കിനെ തുടര്‍ന്ന് യാത്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ ഡല്‍ഹിയില്‍ നിന്ന് 12.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ഇന്നലെ രാത്രി അഫ്ഗാന്‍ പ്രസിഡന്റിന്റെ ഉപദേശകനായ റിസ്വാനുള്ള അഹ്‌മദ്‌സായ്, എംപിമാരായ അബ്ദുല്‍ ഖാദര്‍ സസായി, സയ്യിദ് ഹസന്‍ പക്തിവാല്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരടക്കം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു.ഇരുനൂറോളം അഫ്ഗാന്‍ പൗരന്മാര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയെന്നാണ് വിവരം. ഇതിനിടെ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായും നിയന്ത്രണം നഷ്ടമായി എന്നും എംബസി പ്രസ് സെക്രട്ടറി വ്യക്തമാക്കി. അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പിന്നീട് നീക്കം ചെയ്തു.