Saturday, May 11, 2024
indiaNews

അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ഉടന്‍ ഗുജറാത്ത് തീരം തൊടും

അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊടുന്നത് വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച് അര്‍ധരാത്രിയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ജാഖു തീരത്താണ് കരതൊടുക. വൈകുന്നേരം ആറ് മണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ കാറ്റ് തീരംതൊടുമെന്നാണ് കരുതപ്പെടുന്നത്.നിലവില്‍ ഇത് ജാഖു തീരത്തുനിന്ന് 80 കിലോമീറ്ററും ദേവഭൂമിയില്‍നിന്ന് 130 കിലോമീറ്ററും അകലയാണുള്ളത്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് 140 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കും.തീരത്തോട് അടുക്കുന്നതോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നാണ് കരുതപ്പെടുന്നത്.സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കരതൊടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്നുള്ള ചിത്രം യു.എ.ഇയിലെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി പുറത്തുവിട്ടു. അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോള്‍ രണ്ടുദിവസം മുമ്പ് പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്.ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. നാല് പ്രത്യേക ഡ്രോണിയറുകളും മൂന്ന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ എ.കെ. ഹര്‍ബോല അറിയിച്ചു.