Tuesday, May 14, 2024
indiaNewsSports

അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കും

ഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കും. ഒളി ക്യാമറ വിവാദത്തില്‍പ്പെട്ട് ചേതന്‍ ശര്‍മ്മ പുറത്തുപോയതിന് ശേഷം ശിവസുന്ദര്‍ ദാസാണ് മുഖ്യ സെലക്ടറുടെ ചുമതല വഹിക്കുന്നത്. അഗാര്‍ക്കറും ഫ്രാഞ്ചൈസിയും പിരിഞ്ഞതായി ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റല്‍സിന്റെ സഹ പരിശീലകനായിരുന്നു അഗാര്‍ക്കര്‍. ടീമിന്റെ മറ്റൊരു അസിസ്റ്റന്റ് കോച്ചായിരുന്നു ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണുമായും ഡല്‍ഹി ക്യാപിറ്റല്‍സ് വേര്‍പിരിഞ്ഞതായി വ്യക്തമാക്കി.നേരത്തെയും അജിത് അഗാര്‍ക്കറിന്റെ പേര് സെലക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നെങ്കിലും ചേതന്‍ ശര്‍മ്മ അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു. ജൂണ്‍ 30 ആണ് പുതിയ സെലക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജൂലൈ 1 മുതല്‍ അഭിമുഖങ്ങള്‍ നടക്കാനാണ് സാദ്ധ്യത. മുഖ്യ സെലക്ടര്‍ സ്ഥാനമായതിനാല്‍ പരിചയസമ്പന്നനായ താരം എന്ന നിലയ്ക്ക് അജിത് അഗാര്‍ക്കറിന് നറുക്ക് വീഴാന്‍ സാദ്ധ്യതയുണ്ട്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ചുരുക്കം പേസര്‍മാരില്‍ ഒരാളാണ് അജിത് അഗാര്‍ക്കര്‍. 2007ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ 2000ങ്ങളില്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 ഉം, ഏകദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റാണ് സമ്പാദ്യം. ബിസിസിഐ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് രവി ശാസ്ത്രി, ദിലിപ് വെങ്‌സര്‍കാര്‍ തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.