Thursday, May 16, 2024
EntertainmentindiaNews

അച്ഛന്റെ ഓട്ടോയില്‍ കോളജില്‍ വന്നിറങ്ങി മിസ് ഇന്ത്യ റണ്ണര്‍ അപ്പ്: ഹൃദയം കീഴടക്കി മന്യ

കഷ്ടപ്പാടുകള്‍ ധീരതയോടെ നേരിട്ട് ആദരവിന്റെ നെറുകയില്‍ എത്തിയ മിസ് ഇന്ത്യ റണ്ണറപ് മന്യ സിങ്ങ് വീണ്ടും വാര്‍ത്തകളില്‍. ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ പൂര്‍വ്വ വിദ്യാലയത്തില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മന്യയ്ക്കും കുടുംബത്തിനും മുംബൈയിലെ താക്കൂര്‍ കോളജ് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ജനങ്ങളുടെ ആദരവില്‍ മാതാപിതാക്കള്‍ വികാരഭരിതരായി. ഇവരുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയ കണ്ണുനീര് മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലില്‍ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മിസ് ഇന്ത്യ വേദി വരെ മന്യ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്. മത്സരത്തില്‍ റണ്ണറപ് ആയ മന്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് മന്യയ്ക്ക് കിട്ടിയത്.

ഭക്ഷണവും ഉറക്കവുമില്ലാതെ രാത്രികള്‍ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്. വണ്ടിക്കൂലി ലാഭിക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്കു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പതിനാലാം വയസ്സില്‍ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്. മത്സരത്തിനു ശേഷം മന്യ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാന്‍ഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.