Tuesday, May 14, 2024
indiaNewspolitics

‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി :സൈന്യത്തില്‍ 4 വര്‍ഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അഗ്‌നിപഥ് പിന്‍വലിക്കണമെന്നു പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാകുന്നില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പദ്ധതിക്കെതിരെ രാജ്യത്തു പലയിടങ്ങളില്‍ പ്രതിഷേധം അക്രമങ്ങളിലേക്കു വഴിമാറിയ സാഹചര്യത്തിലാണു കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചത്.

‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുന്‍പുതന്നെ അഗ്‌നിപഥ് നിയമന ചട്ടങ്ങളില്‍ ബിജെപി സര്‍ക്കാരിനു മാറ്റം വരുത്തേണ്ടി വന്നു. ആസൂത്രണമില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്തു യുവാക്കളെ തത്രപ്പാടിലാക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. നരേന്ദ്ര മോദിജീ, എത്രയും വേഗം ഈ പദ്ധതി പിന്‍വലിക്കണം. വയസ്സ് ഇളവോടെ, മുന്‍പത്തേതു പോലെ ആര്‍മി റിക്രൂട്ട്മെന്റ് നടത്തണം’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

‘അഗ്‌നിപഥ് യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ നിരസിച്ചു, നോട്ടുനിരോധനം സാമ്പത്തിക വിദഗ്ധര്‍ നിരസിച്ചു, ജിഎസ്ടി വ്യാപാരികള്‍ നിരസിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്തെന്നു മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. തന്റെ ‘സുഹൃത്തുക്കളുടെ’ ഒഴികെ മറ്റാരുടെയും ശബ്ദങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നില്ല’ എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.