Monday, May 20, 2024
keralaNews

മലമ്പുഴ കുമ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി; തിരിച്ചിറക്കി.

പാലക്കാട് :മലമ്പുഴ ചെറാടിലെ ആര്‍.ബാബു കുടുങ്ങിയ കുമ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കി. മലമ്പുഴ ആനക്കല്‍ സ്വദേശിയെയാണു മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നു കണ്ടെത്തിയത്. എന്നാല്‍, മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ചു നാട്ടുകാര്‍ മലയടിവാരത്തു നിലയുറപ്പിച്ചു.ഇന്നലെ രാത്രി ഒന്‍പതോടെ മലമുകളില്‍ വെളിച്ചം കണ്ടവരാണു വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മലമുകളില്‍ പലവട്ടം വെളിച്ചം കണ്ടു.വാളയാര്‍ റേഞ്ച് ഓഫിസര്‍ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്വാരത്തു തമ്പടിച്ചിരുന്നു. ഇതിനിടെയാണു ആനക്കല്‍ സ്വദേശിയെ താഴെയെത്തിച്ചത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.