Monday, May 13, 2024
keralaNews

തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ വെട്ടിച്ചുരുക്കി സമാപിച്ചു.

ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷ ചടങ്ങുകള്‍ സമാപിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശ്ശൂര്‍ പൂരം വെട്ടിച്ചുരുക്കിയത്.ഉച്ചവരെ ഉണ്ടാവാറുള്ള പകല്‍പ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കിയാണ് തൃശ്ശൂര്‍ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെവച്ച് നടത്തി.മേളത്തിന്റെ സമയവും വാദ്യക്കാരുടെ എണ്ണവും കുറച്ച് എഴുന്നള്ളിയ ഭഗവതിമാര്‍ ശ്രീമൂലം സ്ഥാനത്ത് വന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശ്ശൂര്‍ പൂരത്തിന് സമാപനമായത്. അടുത്ത തൃശ്ശൂര്‍ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണം ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂര്‍ പൂരം. മെയ് പതിനൊന്നിനായിരിക്കും പകല്‍പ്പൂരം.