ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ കോള്‍
കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ കോള്‍. കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. kL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന് ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ 4 അംഗ സംഘമാണെന്നാണ് സൂചന. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന് പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.6 വയസ്സുകാരിക്കായി സംസ്ഥാനം മുഴുവന്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയാണ്. കാണാതായ ആറ് വയസ്സുകാരിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.