Friday, March 29, 2024
keralaLocal NewsNews

കേരള ബ്രേക്കിംഗ് ന്യൂസ് ഇംപാക്ട് ; ഇരുമ്പൂന്നിക്കര കമ്മ്യൂണിറ്റി ഹാളിന് ജില്ലാ പഞ്ചായത്ത് 2.5 ലക്ഷം അനുവദിച്ചു .

പി.എസ് ജിഷാമോള്‍

എരുമേലി : 2013 ല്‍ ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മ്മാണമാരംഭിച്ച കമ്മ്യൂണിറ്റി ഹാളാണ് ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാതെ അവഗണിക്കപ്പെട്ട് കിടക്കുന്നുവെന്ന കഴിഞ്ഞ ദിവസം ‘ കേരള ബ്രേക്കിംഗ് ‘ ന്യൂസ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു .

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഹാളിന് 2.5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പതാം തിയതി ലോക ആദിവാസി ദിനത്തില്‍ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റയും അവഗണന ചൂണ്ടിക്കാട്ടി. ‘ കേരള ബ്രേക്കിംഗ് ‘ വാര്‍ത്ത നല്‍കിയത് . പദ്ധതിയുടെ പണികള്‍ക്കായി ഒന്നാം ഘട്ടമായാണ് തുക നല്‍കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍
‘ കേരള ബ്രേക്കിംഗ് ‘ ന്യൂസിനോട് , പറഞ്ഞു .
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ ആവശ്യങ്ങള്‍ക്കായാണ് ഇരുമ്പൂന്നിക്കര ശിവക്ഷേത്രത്തിന് മുന്‍ വശത് ഈ കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ത്തേക്കും ഫണ്ട് തീര്‍ന്നതാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ ഉപേക്ഷിച്ചതെന്നുമാണ് പറഞ്ഞിരുന്നത് .
ഇരുമ്പൂന്നിക്കരയില്‍ താമസിക്കുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങളുടെ കല്യാണമടക്കമുള്ള ചടങ്ങുകളോ , സാംസ്‌ക്കാരിക ബോധവത്ക്കരണ പരിപാടികളോ നടത്തണമെങ്കില്‍ വാടകയ്ക്ക് സ്ഥലം എടുക്കണ്ട അവസ്ഥയാണുണ്ടായിരുന്നത്. നിലവിലുള്ള നിര്‍മ്മാണത്തില്‍ തന്നെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും , ഇത് അന്വേഷിക്കുന്നതോടൊപ്പം കമ്മ്യൂണിറ്റി ഹാള്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പൂന്നിക്കര ഊരുകൂട്ടം ഭാരവാഹികളായ ഊരുകൂട്ടം മൂപ്പന്‍ രാജന്‍ അറക്കുളം , സരസമ്മ തോട്ടുങ്കല്‍ (സെക്രട്ടറി), പ്രസന്നന്‍( ജോ . സെക്രട്ടറി ) രാജമ്മ
പേക്കാട്ട് കമ്മറ്റിയംഗം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു . പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായുള്ള ഇവരുടെ സ്വപ്നമാണ് പൂവണിയുന്നത് .