ആത്മഹത്യ ശ്രമം ; വീട്ടമ്മയേയും കുഞ്ഞിനേയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ കണമല പാലത്തില്‍ നിന്നും കൈകുഞ്ഞുമായി വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വീട്ടമ്മയേയും കുഞ്ഞിനേയും ബന്ധുക്കള്‍ക്കൊപ്പം അയച്ചതായി എരുമേലി എസ് എച്ച് ഒ സജീവ് ചെറിയാന് പറഞ്ഞു. ഇന്ന് സ്റ്റേഷനില്‍ എല്ലാവരേയും വിളിച്ചു വരുത്തി വീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിച്ചതിന് ശേഷമാണ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അമ്മക്കും കുഞ്ഞിനും രണ്ടാം ജന്മം നല്കിയ സംഭവം നടന്നത്.വീട്ടമ്മ ഒരു വയസുള്ള കുഞ്ഞിനേയും കൊണ്ട് കണമല പാലത്തിന്റെ നടുഭാഗത്ത് എത്തി കൈവരിയില്‍ കയറി പമ്പ നദിയിലേക്ക് എടുത്തു ചാടാന്‍ നില്ക്കുന്ന സമയത്താണ് അത് വഴി വന്ന പാറക്കടവ് സ്വദേശിയായ ഷിബുകുമാര്‍ എന്നയാള്‍ വീട്ടമ്മയേയും കുഞ്ഞിനെയും സാഹസികമായി പിടിച്ചിറക്കിയത്.തുടര്‍ന്ന് നാട്ടുകാര്‍ എരുമേലി പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഇവരെ സ്റ്റേഷനില്‍ വിളിപ്പിച്ചത്.
പ്രശ്നങ്ങള്‍ പരിഹരിച്ച് ബന്ധുക്കള്‍ക്കൊപ്പം വിട്ടതായും എരുമേലി എസ് എച്ച് ഒ സജീവ് ചെറിയാന് പറഞ്ഞു.