Wednesday, May 1, 2024
HealthkeralaNews

നാളെ വിഷുപ്പുലരി, ഇത്തവണയും ജാഗ്രതയോടെയാവാം ആഘോഷങ്ങള്‍

പൊന്നണിഞ്ഞെത്തുകയാണു മേടം. നാളെ വിഷു. മലയാളപ്പുതുവര്‍ഷത്തെ വരവേറ്റു പൂത്തുനില്‍ക്കുന്ന കര്‍ണികാരക്കാഴ്ചകളാണെങ്ങും. മേടമെത്തുന്നതിനും മാസങ്ങള്‍ക്കു മുന്‍പുതന്നെ ഇത്തവണ കണിക്കൊന്നകള്‍ പൂത്തുലഞ്ഞിരുന്നു. കോവിഡും കര്‍ക്കശമായ ലോക്ഡൗണും നിറംകെടുത്തിയ വിഷുക്കാലമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. അതില്‍നിന്നു ഭിന്നമായി വീണ്ടും ആഘോഷച്ഛായയിലുള്ള വിഷുവാകും ഇത്തവണത്തേതെന്ന പ്രത്യാശയ്ക്കുമേല്‍ കോവിഡ് വ്യാപനത്തിന്റെ കരിനിഴല്‍ വീണ്ടുമുണ്ട്. ഇത്തവണയും ജാഗ്രതയോടെയാകും ആഘോഷങ്ങള്‍.

വിഷുക്കണിയൊരുക്കലിനും വിഷുസദ്യവട്ടങ്ങള്‍ക്കുമെല്ലാമായി വിപണിയും സജ്ജമാണ്. ശബ്ദവര്‍ണക്കൊഴുപ്പേകാന്‍ വിഷുപ്പടക്ക വിപണിയും സജീവം. കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമായ വിഷുവിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു കണിദര്‍ശനം, കാഴ്ചക്കുലസമര്‍പ്പണം തുടങ്ങിയവയും ക്ഷേത്രങ്ങളില്‍ നടക്കുന്നു.

മിക്ക ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു വിഷുക്കൈനീട്ടം നല്‍കുന്ന പതിവുണ്ട്. എറണാകുളം ശിവക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുനക്കര മഹാക്ഷേത്രം, രവിപുരം ശ്രീകൃഷ്ണക്ഷേത്രം, ചിറ്റൂര്‍ ശ്രീകൃഷ്ണക്ഷേത്രം, പാവക്കുളം മഹാദേവക്ഷേത്രം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കുന്നുണ്ട്. എറണാകുളം ശിവക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ രണ്ടര മണിമുതലാണു കണിദര്‍ശനമെന്നു ക്ഷേത്രസമിതി അറിയിച്ചു. പാവക്കുളം മഹാദേവക്ഷേത്രത്തില്‍ രാവിലെ 5 മുതലാണു കണിദര്‍ശനം.