Tuesday, May 21, 2024
keralaNews

അവലോകന യോഗം 28ന് ; കോവിഡ് മാനദണ്ഡങ്ങള്‍ ചര്‍ച്ചയാകും

മണ്ഡല,മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാമെന്നാണ് ബോര്‍ഡിന്റെ തീരുമാനം.എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരവും കടന്ന് കുതിക്കുമ്പോള്‍ എങ്ങനെ ഭക്തരെ പ്രവേശിപ്പിക്കാമെന്നായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട.ഈ യോഗത്തില്‍ ഭക്തര്‍ക്കുള്ള കോവിഡ് പ്രോട്ടോക്കോളും തീരുമാനിച്ചേക്കും. ദിവസം 5,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ഭക്തര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെ സന്നിധാനത്തേക്ക് കടത്തി വിടാനാണ് തീരുമാനം. വെര്‍ച്യുല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം.അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ക്വാറന്റൈന്‍ വേണമെന്നോ അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വേണ്ടി വരും.

വരുന്ന ശബരിമല മണ്ഡല,മകരവിളക്ക് ഉത്സവത്തിനായി വഴിപാട് സാധനങ്ങളുടെ അടക്കം ലേലം പ്രതിസന്ധിയില്‍ ആയതോടെ കരാറുകാര്‍ക്ക് പിന്നാലം ദേവസ്വം ബോര്‍ഡ്.മുന്‍വര്‍ഷത്തെ കരാറുകാര്‍ക്ക് തന്നെ കുത്തക ലേലം തരാമെന്ന നിര്‍ദ്ദേശം ബോര്‍ഡ് മുന്നോട്ട് വച്ചെങ്കിലും അവര്‍ക്ക് സ്വീകാര്യമായില്ല. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമതപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ ലേലം പിടിക്കുന്നത് നഷ്ടമാകുമെന്നാണ് കരാറുകാര്‍ പറയുന്നത്.മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാല്‍ ഇവയിലൊന്നും തന്നെ പൂര്‍ണ്ണമായി ലേലത്തില്‍ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുന്‍വര്‍ഷത്തെ കരാറുകാര്‍ക്ക് തന്നെ ലേലം കൊടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഉണ്ണിയപ്പം,അരവണ എന്നിവയുടെ നിര്‍മാണത്തിന് അടക്കം ബോര്‍ഡ് ടെണ്ടര്‍ വിളിച്ചിരുന്നു.
അതേ സമയം ദേവസ്വം ബോര്‍ഡിന് വരുമാനം ഏറ്റവും കൂടുതല്‍ വരുമാനം നേടിതരുന്ന സ്ഥല ലേലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.ഹോട്ടലുകള്‍ അടക്കം സ്ഥാപിക്കാന്‍ വന്‍തുകയായിരുന്നു ലേലത്തിലൂടെ ബോര്‍ഡിന് കിട്ടിയിരുന്നത്.സന്നിധാനത്തിന് സമീപം ഒരു കോടിക്ക് മുകളിലുളള തുകയ്ക്കാണ് ഹോട്ടലിനായി സ്ഥല ലേലം കൊണ്ടത്. ഇത്തവണ അതിന്റെ പകുതി പോലും കിട്ടുമെന്ന പ്രതീക്ഷ ബോര്‍ഡിനില്ല. ശബരിമലയിലെയും പമ്പയിലെയും മാത്രമല്ല ഇടത്താവളങ്ങളിലെ ലേലവും നടക്കേണ്ടതാണ്. എരുമേലിയില്‍ നിന്ന് അടക്കം ലക്ഷങ്ങളാണ് ലേലത്തിലൂടെ ബോര്‍ഡിന് കിട്ടിക്കൊണ്ടിരുന്നത്.ശബരിമലയിലെ മാത്രമല്ല ബോര്‍ഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ വഴിപാട് സ്റ്റാളുകളുടെ ലേലത്തിലും പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സ്റ്റാള്‍ നടത്തിക്കൊണ്ടിരുന്നവര്‍ക്ക് തുകയില്‍ ഇളവ് വരുത്തി തുടരാന്‍ അനുവദിക്കുകയായിരുന്നു. ശബരിമലയിലെ ലേലം പ്രതിസന്ധിയിലായതോടെ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ പരുങ്ങലിലാകും.ഇപ്പോള്‍ നടക്കുന്ന ലേലത്തിലൂടെ 50 കോടിയുടെ വരുമാനമാണ് ബോര്‍ഡ് പ്രതീക്ഷിച്ചത്. ഇത് കിട്ടാതെ വരുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പറയുന്നത്.