Tuesday, May 14, 2024
indiakeralaNews

‘ അവധിയില്ല വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല’; സഹായം അഭ്യര്‍ത്ഥിച്ച് മലയാളി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍

കോവിഡ് വ്യാപനം പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിസന്ധിയിലായി മലയാളി വിദ്യാര്‍ത്ഥിനികള്‍. കേരളവും കര്‍ണാടകവും സമ്പൂര്‍ണമായും അടച്ചിട്ടതോടെ കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ് അധികൃതര്‍ കൊവിഡ് ആശുപത്രികളില്‍ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ക്ക് രോഗവും പിടിപെട്ടു. എന്നാല്‍ കര്‍ണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് സഹായാഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. 25 മലയാളി വിദ്യാര്‍ത്ഥിനികളാണ് ഈ കോളേജില്‍ മാത്രം കൊവിഡ് കാലത്ത് കുടുങ്ങിപ്പോയത്.

നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ തങ്ങളെ നിര്‍ബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേര്‍ക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേര്‍ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സര്‍വകലാശാല സര്‍ക്കുലറുണ്ടെന്നാണ് കോളേജധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഓഫ് ലൈന്‍ ക്ലാസുകള്‍ നടത്താവൂ. വിഷയത്തില്‍ ശ്രീദേവി കോളേജധികൃതരെ പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.