Wednesday, May 15, 2024
keralaNews

മണ്ണാറശ്ശാല ആയില്യം ഇന്ന്.

sunday special
[email protected]

 

മണ്ണാറശ്ശാല ആയില്യം ഇന്ന്. കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (അനന്തന്‍,വാസുകി) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.ശിവസര്‍പ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ ‘വാസുകിയും’, നാഗാമാതാവായ ‘സര്‍പ്പയക്ഷിയുമാണ്’ മുഖ്യ പ്രതിഷ്ഠ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ ‘നാഗയക്ഷിയും’ സഹോദരി ‘നാഗചാമുണ്ഡിയുമാണ്’ മറ്റു പ്രതിഷ്ഠകള്‍. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഇല്ലത്തിന്റെ നിലവറയില്‍ മഹാവിഷ്ണുസര്‍പ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ ‘അനന്തന്‍ (ആദിശേഷന്‍)’ കുടികൊള്ളുന്നു. അനന്തന്റെ പുറത്ത് സാക്ഷാല്‍ ആദിനാരായണനായ മഹാവിഷ്ണു ശയിക്കുന്നു എന്നാണ് വിശ്വാസം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. ഈ ക്ഷേത്രത്തില്‍ മഹാഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, പരമശിവന്‍, ധര്‍മ്മശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദേവതകളുടെ വിശ്വാസികള്‍ക്ക് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഇവിടം.

ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിര്‍ന്ന വല്യയമ്മയാണ്. ഈ പുരോഹിതയായ വല്യയമ്മയെ അന്തര്‍ജ്ജനമെന്നാണ് വിളിക്കുന്നത്.നാഗരാജാവിന്റെ ‘അമ്മയുടെ’ സ്ഥാനമാണ് വല്യയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തന്‍ അവതരിച്ചു എന്നാണ് കഥ.

 

തുലാമാസത്തിലെ ആയില്യം നാളില്‍ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഇഷ്ടവഴിപാടുകള്‍ ചെയ്യുന്നത് ഉത്തമമാണ്.

നൂറും പാലും കഴിപ്പിക്കലാണ് ഇവിടുത്തെ പ്രധാന വഴിപാട്. കുടുംബത്തിനോ വ്യക്തിക്കോ വേണ്ടി ഇത് ചെയ്യാവുന്നതാണ്. കുടുംബത്തിനേറ്റ ദോഷമകലാന്‍ മറ്റ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്ത ശേഷമുളള നൂറും പാലും സമര്‍പ്പിക്കല്‍ ഇവിടുത്തെ പ്രത്യേകതയാണ്.ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

കൂടാതെ നിലവറപ്പായസം, അര്‍ച്ചനകള്‍, പാലും പഴവും മറ്റു നിവേദ്യങ്ങളും കഴിപ്പിക്കാവുന്നതാണ്. ഒപ്പം തന്നെ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, നാഗം മുതലായ പഞ്ചലോഹനിര്‍മ്മിതമായ പുറ്റ്, മുട്ട, സര്‍പ്പരൂപം, കവുങ്ങിന്‍പൂക്കുല, കരിക്ക് എന്നിവ നടയില്‍ സമര്‍പ്പിക്കുന്നതും ഇവിടെ പ്രധാനമാണ്.ആരോഗ്യത്തിനും രോഗശാന്തിയ്ക്കും ഉപ്പ്, ചെറുപയര്‍, കുരുമുളക്, കടുക് എന്നിവയും സമര്‍പ്പിക്കാം. വിഷഭയം നീങ്ങാന്‍ മഞ്ഞള്‍ സമര്‍പ്പണവും വിദ്യാഭ്യാസത്തിനും കീര്‍ത്തിക്കും ഐശ്വര്യത്തിനും വെളളി ധാന്യങ്ങളും സ്വര്‍ണ്ണം വെളളി ആഭരണങ്ങളും സമര്‍പ്പിക്കാവുന്നതാണ്.

അഞ്ചു ശിരസ്സുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമാണ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള അപ്പൂപ്പന്‍കാവ്.”അപ്പൂപ്പന്‍’ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്.മുത്തശ്ശനെന്നും അപ്പൂപ്പനെന്നും വിശേഷിപ്പിക്കപ്പെട്ട ഈ നാഗ ഭഗവാന്‍ കുടികൊള്ളുന്ന കാവില്‍ സ്ഥിരമായി കാണപ്പെടുന്ന മഞ്ഞച്ചേരകള്‍ ദുഷ്ടസര്‍പ്പങ്ങളുടെ പ്രവേശനത്തെ തടയുന്നെന്നും ഇവ മുത്തശ്ശന്റെ പരിവാരങ്ങളാണെന്നുമാണ് പരക്കെയുള്ള വിശ്വാസം.ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് ഉരുളി കമഴ്ത്തല്‍. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി ‘ഉരുളി കമഴ്ത്തല്‍’ വഴിപാടു കഴിക്കുന്നു. ദമ്പതികള്‍ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേല്‍ശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാര്‍ത്ഥന ഇവര്‍ ഏറ്റു ചൊല്ലി ദമ്പതികള്‍ ഇല്ലത്തു ചെന്ന് അമ്മയെ ദര്‍ശിച്ച് ഭസ്മം വാങ്ങും. ഇവര്‍ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയില്‍ അനന്തന് മുന്‍പില്‍ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ ദമ്പതിമാര്‍ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി നിവര്‍ത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമര്‍പ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തര്‍ജ്ജനത്തിന് മകനായി നാഗരാജാവായ അനന്തന്‍ ജനിച്ചു എന്നാണ് ഐതിഹ്യം.ജാതി – മത ഭേദമെന്യേ നിരവധി കുട്ടികളില്ലാത്ത ഭക്തര്‍ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാര്‍ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സര്‍പ്പദോഷശാന്തിക്കായും ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താറുണ്ട്.