Monday, May 20, 2024
keralaNewspolitics

ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി

ആക്ഷേപങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഡിവൈഎഫ്ഐക്കാര്‍ സഹോദരങ്ങളാണെന്നും കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം എന്നാല്‍ ഏറ്റവും ഒടുവില്‍ വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടിയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.സിപിഐഎം പിന്തുണയോടു കൂടി ലോക്സഭയിലെത്തിയ മുന്‍ എംപി ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിക്കു നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാറിന് അവസരം ലഭിച്ചിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആശയ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.