Wednesday, May 15, 2024
indiaNewspolitics

മാലിദ്വീപ് മന്ത്രിമാര്‍ക്കെതിരെ മുന്‍ വിദേശകാര്യ മന്ത്രി

മാലിദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാര്‍ക്കെതിരെ മാലിദ്വീപ് മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്. മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് നിന്ദ്യമായ പരാമര്‍ശങ്ങളാണെന്നും ഇത്തരം ഭാഷ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ എന്നും അബ്ദുല്ല ഷാഹിദ് വ്യക്തമാക്കി.

‘മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയായ ഇന്ത്യയുടെ നേതാവിനെതിരെ മാലിദ്വീപ് മന്ത്രി മറിയം ഷിയൂന നടത്തിയത് മോശം ഭാഷയാണ്. മുഹമ്മദ് മുയിസു സര്‍ക്കാര്‍ ഈ അഭിപ്രായങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും സര്‍ക്കാരിന്റെ നിലപാടല്ല ഇതെന്ന് ഇന്ത്യയോട് വ്യക്തമാക്കുകയും വേണം”. ‘ഈ ഉദ്യോഗസ്ഥരെ ശാസിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പൊതുപ്രവര്‍ത്തകര്‍ മാന്യത നിലനിര്‍ത്തണം. തങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളല്ലെന്നും ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഇപ്പോള്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അവര്‍ മനസിലാക്കണം.

നല്ല സുഹൃത്തും അചഞ്ചലമായ സഖ്യകക്ഷിയുമാണ് ഇന്ത്യ. ചരിത്രപരമായി നമ്മുടെ അവശ്യഘട്ടത്തില്‍ ആദ്യം പ്രതികരിച്ചത് അവരാണ്”-അബ്ദുല്ല ഷാഹിദ് പറഞ്ഞു.മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ ”അപവാദവും നിന്ദ്യവും” എന്ന് മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും പ്രതികരിച്ചു. വിവാദം കനത്തതോടെ മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡും ചെയ്തു.

മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിമാരെ താക്കീത് ചെയ്തതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.