Thursday, May 2, 2024
keralaNews

കുണ്ടറയില്‍ വാഹന മോഷ്ടാക്കള്‍ പിടിയില്‍

കുണ്ടറ: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതികളെ കുണ്ടറ പൊലീസ് പിടികൂടി. കണ്ണനല്ലൂര്‍ ചേരിക്കോണം ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ (22), ഓടനാവട്ടം മുളക്കോട് ഇടയിലവീട്ടില്‍ അനീഷ് (20) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണക്കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചന്ദനത്തോപ്പില്‍ നടന്ന വാഹന പരിശോധനക്കിടെ പൂയപ്പള്ളിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി ഇരുവരും പൊലീസ് സംഘത്തിന്റെ മുന്നില്‍ എത്തുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണങ്ങളുടെ വിവരം ലഭിച്ചത്. കൊട്ടിയം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞു. മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു.കുണ്ടറ ഹൗസ് ഓഫിസര്‍ സജികുമാര്‍, എസ്.ഐ ആന്റണി ജോസഫ് നെറ്റോ, എസ്.ഐ വിനോദ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സുഗുണന്‍, എസ്.ഐമാരായ റോയ്, പ്രദീപ്, മഹേഷ്, സി.പി.ഒമാരായ അരുണ്‍ കൃഷ്ണ, സജീര്‍, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.