Friday, May 17, 2024
keralaNews

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ. കൂടിയ അടിസ്ഥാന ശമ്പളം 1,66,800.പുതുക്കിയ ശമ്പളത്തിന് 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനുമുള്ള കമ്മിഷന്റെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇപ്പോള്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്.

കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെ സംബന്ധിച്ച് പരാമര്‍ശമില്ല. 2019 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.അടുത്ത പരിഷ്‌കരണം കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനുശേഷം 2026ല്‍ മതിയെന്നാണ് നിര്‍ദേശം. വയോധികരെയും കുട്ടികളെയും നോക്കാന്‍ ഒരു വര്‍ഷത്തെ അവധി അനുവദിക്കാം. അവധിക്കാലത്ത് 40 ശതമാനം ശമ്പളം ലഭിക്കും.

ഈ വര്‍ഷം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷംകൂടി നീട്ടിനല്‍കിയാല്‍ സര്‍ക്കാരിനു 5700 കോടി ലാഭിക്കാം. എച്ച്ആര്‍എ അടിസ്ഥാന ശമ്പളത്തിന്റെ ശതമാന നിരക്കിലായിരിക്കും. കുറഞ്ഞ എച്ച്ആര്‍എ 1200, കൂടിയത് 10,000. നഗരങ്ങളില്‍ 10 ശതമാനം.ജില്ലാ കേന്ദ്രങ്ങളില്‍ 8 ശതമാനം. മുനിസിപ്പാലിറ്റിയില്‍ 6 ശതമാനം. പഞ്ചായത്ത് 4 ശതമാനം. എച്ച്ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി അലവന്‍സ് നിര്‍ത്തലാക്കി. 2019 ജൂലൈ 1 വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും.

ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 10 ശതമാനം. തഹസില്‍ദാര്‍ തസ്തിക പ്രിന്‍സിപ്പല്‍ തഹസിദാര്‍ ആയി ഉയര്‍ത്തി. വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അധിക അലവന്‍സ്. സേനാവിഭാഗം ജീവനക്കാരുടെ വിവിധ അലവന്‍സുകള്‍ വര്‍ധിപ്പിക്കും. അധിക ഗ്രേഡുകള്‍ അനുവദിക്കും. സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും സ്‌പെഷലിസ്റ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സ്‌പെഷല്‍പേ.