Wednesday, May 15, 2024
keralaNewspolitics

നേമം ആവര്‍ത്തിക്കുമെന്ന് വിമര്‍ശനം; പാലക്കാട് കോണ്‍ഗ്രസ് പ്രതിഷേധം

കോണ്‍ഗ്രസിന്റെ മൂന്നു സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കിയതിനെതിരെ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധം. മണ്ണാര്‍ക്കാടിന് പുറമേ മലമ്പുഴ, കോങ്ങാട്, നെന്മാറ മണ്ഡലങ്ങളാണ് പുതിയതായി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, കല്ലേപ്പുള്ളി , മരുതറോഡ് പ്രദേശങ്ങളിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരതീയ നാഷണല്‍ ജനതാദള്‍ എന്ന പാര്‍ട്ടിക്ക് മലമ്പുഴ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വം വില്‍പ്പന നടത്തിയെന്നാണ് ആക്ഷേപം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെങ്കിലും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയാറാവുന്നില്ലെങ്കില്‍ മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മണ്ഡലം, ബൂത്ത് ഭാരവാഹികളും രാജി വയ്ക്കും.

നെന്മാറ മണ്ഡലത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തതിലാണ് പ്രതിഷേധം. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട മറ്റൊരു മണ്ഡലം കോങ്ങാട് ആണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോഴാണ് ശരിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളാരും പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളോട് ആശയവിനിമയം നടത്തിയിരുന്നില്ല.ഇതുവരെയും ചര്‍ച്ച ചെയ്യപ്പെടാതിരുന്ന മണ്ഡലമാണ് മുസ്ലിം ലീഗിന് നല്‍കിയത്. മണ്ണാര്‍ക്കാട് മണ്ഡലം ഏറെനാളായി മുസ്ലിം ലീഗിന്റെ കൈവശമാണ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതിനെതിരെ ഡിസിസി നേതൃത്വത്തിനെതിരെ നേരത്തെ തന്നെ പരാതിയുണ്ട്.