Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് അംഗന്‍വാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും..

സംസ്ഥാനത്ത് കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന അംഗന്‍വാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അംഗന്‍വാടിയില്‍ എത്തണം. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. കോവിഡ് പശ്ചാത്തലത്തിലും ഫീഡിങ് ടേക്ക് ഹോം റേഷനായി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ മുതലായവ തടസ്സം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല.ഈ സര്‍വേകളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അംഗന്‍വാടികളുടെ പ്രവര്‍ത്തനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അംഗന്‍വാടികള്‍ തുറന്നാലും ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷനായി തുടരണം. സമ്ബുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്കുശേഷം നടത്തണം.മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അംഗന്‍വാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്.